തിരുവനന്തപുരം : കേരളത്തിന്റെ നിയമസഭ തല്ലിത്തകർത്ത മന്ത്രി വി.ശിവൻകുട്ടി, കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽനിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി.മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി.ശിവൻകുട്ടിയുടെ ഇനീഷ്യലിലെ വി വാചകമടി എന്നാണ്. വാചക കസർത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ.
യുക്രെയ്നിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് മുരളീധരനായിരുന്നു. കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽനിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും അദ്ദേഹമാണ്. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സർക്കാരിലെ മന്ത്രിമാർ മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.