കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കലാപസമാനമായ സാഹചര്യം നേരിടാൻ കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഫെയ്സ്ബുക്, വാട്‌സാപ്, ട്വിറ്റർ, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്താൻ ഗോട്ടബയ രാജപക്സെ ഭരണകൂടം തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.
ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സമൂഹമാധ്യമ നിരോധനം ഫലം ചെയ്യുന്നില്ലെന്നും കൂടുതല്‍ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീലങ്കന്‍ യുവജന കായിക വകുപ്പ് മന്ത്രി നമാല്‍ രജപക്സെ ആവശ്യപ്പെട്ടു. 36 മണിക്കൂർ രാജ്യവ്യാപക കർഫ്യൂ ലംഘിച്ച 664 പേർ ഞായറാഴ്ച ശ്രീലങ്കയിലെ പശ്ചിമ പ്രവിശ്യയിൽ അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ മാർച്ച് നടത്തി.
ഗോട്ടബയ രാജപക്സെ സർക്കാരിനെ സഹായിക്കാൻ സൈനികരെ അയയ്ക്കാൻ ഇന്ത്യ പദ്ധതിയിടുന്നെന്ന റിപ്പോർട്ടുകൾ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം തള്ളി. ശ്രീലങ്കയിലെ ആഭ്യന്തര പ്രതിസന്ധി നേരിടാൻ രാജ്യത്തെ സൈന്യം സജ്ജമാണെന്നും പുറത്തുനിന്ന് അത്തരം സഹായം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും പ്രതിരോധ മന്ത്രാലയ സെക്രട്ടറി കമൽ ഗുണരത്‌നെ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആരെയും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ സൈന്യത്തിന് അധികാരം ലഭിച്ചിരുന്നു.
അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കണമെന്നു ശ്രീലങ്കൻ ബാർ കൗൺസിലും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. ജനങ്ങൾക്കു സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നു ശ്രീലങ്കയിലെ യുഎസ് സ്ഥാനപതി ജൂലി ചങ് അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ ഞായറാഴ്ച പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം നേരിടാനാണ് 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. കലാപസമാനമായ സാഹചര്യമാണ് ശ്രീലങ്ക നേരിടുന്നത്. രാജ്യത്ത് പരക്കെ പല അക്രമ സംഭവങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്തു. ഗാലെ, മതാര, മൊറതുവ തുടങ്ങിയ തെക്കൻ നഗരങ്ങളിൽ പ്രതിഷേധം വ്യാപകമായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി.