കീവ്: തലസ്ഥാന നഗരമായ കീവിന്റെ സമ്പൂർണ നിയന്ത്രണം റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി അവകാശപ്പെട്ട് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. യുക്രെയ്നിലെ ആഭ്യന്തര സഹമന്ത്രി ഹന്ന മല്യരാണ് ഇത്തരമൊരു അവകാശവാദമുന്നയിച്ചത്. യുക്രെയ്ന്റെ തലസ്ഥാന നഗരത്തോടു ചേർന്നുള്ള ചില സുപ്രധാന മേഖലകളിൽനിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായുള്ള വാർത്തകൾക്കു പിന്നാലെയാണ് കീവിന്റെ സമ്പൂർണ നിയന്ത്രണം യുക്രെയ്ൻ സൈന്യം ഏറ്റെടുത്തതായി പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടത്.
ഫെബ്രുവരി 24ന് റഷ്യ ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് കീവിന്റെ സമ്പൂർണ നിയന്ത്രണം യുക്രെയ്ൻ സൈന്യം തിരിച്ചുപിടിക്കുന്നത്. കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരിസ്റ്റോവിച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.‘ഇർപിൻ, ബുച്ച, ഗോസ്ടോമൽ എന്നീ നഗരങ്ങളും കീവ് നഗരം പൂർണമായും കടന്നുകയറ്റക്കാരിൽനിന്ന് വീണ്ടെടുത്തു’ – മല്യർ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകളാണിത്. ഇർപിനും ബുച്ചയും
മുൻപേതന്നെ യുക്രെയ്ൻ സൈന്യം വീണ്ടെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. കനത്ത നാശനഷ്ടങ്ങൾക്കു പുറമെ ഇവിടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.
അതിനിടെ, യുക്രെയ്നിന്റെ കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളിൽ റഷ്യൻ മിസൈലുകൾ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളിൽ കനത്ത പോരാട്ടം നടക്കുന്നു. മധ്യ യുക്രെയ്നിലെ പോൾട്ടോവ മേഖലയിൽ മിസൈൽ ആക്രമണത്തിൽ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകൾ പതിച്ചു. അതിനിടെ റഷ്യൻ സേന പിൻവാങ്ങുന്ന പ്രദേശങ്ങളിൽ കുഴിബോംബുകൾ വിതറുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിർ സെലെൻസ്കി ആരോപിച്ചു. ഒഴിപ്പിക്കൽ ശ്രമം തടസ്സപ്പെടുത്തുന്നതിനുള്ള ഹീന നടപടി നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോവറി നഗരം ഉൾപ്പെടെ പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകൾ നീക്കംചെയ്താൽ മാത്രമേ ഇവിടം വിട്ടവർക്കു തിരിച്ചുവരാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മരിയുപോളിൽ കുടുങ്ങിയ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നതിന് റെഡ് ക്രോസ് തീവ്രശ്രമം തുടരുന്നു. റഷ്യൻ സേന പിടിച്ച ഹോസ്റ്റോമെലിലെ വിമാനത്താവളം അവർ ഉപേക്ഷിച്ചു.