കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനത്ത് ആറ് മണിക്ക് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ചടങ്ങിന് ആകർഷണമേകുന്നതാകുമെന്നാണ് പ്രതീക്ഷ.
സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.
ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. എം പിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.99 സീറ്റ് നേടിയാണ് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ അധികാര തുടർച്ച നേടിയത്.