ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില വര്‍ധനയ്ക്ക് കാരണം റഷ്യ – യുക്രെയ്ന്‍ യുദ്ധമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് വിലകൂട്ടാതെ പിടിച്ചുനിര്‍ത്തിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതും യുദ്ധം വന്നതും ഒരേ സമയത്തായതിനാലാണ് വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ അതേ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
‘രാജ്യാന്തര വിപണിയിൽ 50 ശതമാനം വർധനവാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. യുക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 75 ഡോളർ വിലയുണ്ടായിരുന്നത് ഏതാണ്ട് 120 ഡോളർ വരെയായി വർധിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാൽ രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടുള്ള വിലവർധനവിന്റെ അതേ തോതിലുള്ള വിലവർധനവ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ല.’ – മന്ത്രി ചൂണ്ടിക്കാട്ടി.
‘വില കൂടിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകളും നികുതിയിളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. നിർഭാഗ്യവശാൽ കേരളം അതിന് തയാറായിട്ടില്ല. ആ നികുതി കുറച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശ്വാസം ജനങ്ങൾക്ക് കിട്ടുമായിരുന്നു.’ – മന്ത്രി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് അനക്കമില്ലാതിരുന്ന ഇന്ധനവില, ഫല പ്രഖ്യാപനത്തിനു പിന്നാലെ വർധിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ‘ഇന്ധനവിലയും തിരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പും യുക്രെയ്ൻ യുദ്ധവും ഒരേ സമയത്തു വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പു നോക്കിയല്ലല്ലോ റഷ്യ യുദ്ധം ചെയ്യുന്നത്.’ – മന്ത്രി പറഞ്ഞു.