ദില്ലി : ഗവർണർസർക്കാർ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിവാദമായ കണ്ണൂർ സർവകലാശാല വി.സി. നിയമനം ഇന്ന് സുപ്രിംകോടതിയിൽ. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മർദ്ദത്തോടെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നുമുള്ള ഗവർണറുടെ പരാമർശങ്ങളും വിവാദമായി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.