തിരുവനന്തപുരം : സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്.
കെപിസിസി നേതൃത്വത്തിൻ്റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്നാണ് സോണിയ ഗാന്ധി തരൂരിനോടും കെ വി തോമസിനോടും നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.