അമേരിക്ക : ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യൻ കമ്പോസർ റിക്കി കേജ്. മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാൻ റോക്ക് ഇതിഹാസം സ്റ്റീവാർട്ട് കോപ്‌ലാൻഡിനൊപ്പമാണ് റിക്കി എത്തിയത്. ഡിവൈൻ ടൈഡ്‌സാണ് പുരസ്‌കാരം നേടിക്കൊടുത്തത്. ‘നമസ്‌തേ’ എന്ന് പറഞ്ഞുകൊണ്ടാണ് റിക്കി നന്ദിപ്രഭാഷണം ആരംഭിച്ചത്.
‘ ഡിവൈൻ ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം. എനിക്ക് സമീപം നിൽക്കുന്ന ഈ ജീവിക്കുന്ന ഇതിഹാസത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളെല്ലാവരോടും എനിക്ക് സ്‌നേഹമാണ്. ഇത് എന്റെ രണ്ടാമത്തെ ഗ്രാമിയും സ്റ്റിവാർട്ടിന്റെ ആറാമത്തേതുമാണ്’- റിക്കി പറഞ്ഞു.
നോർത്ത് കരോലീനയിൽ ജനിച്ച റിക്കിയുടെ അച്ഛൻ പഞ്ചാബിയും അമ്മ മാർവാരിയുമാണ്. എട്ട് വയസായപ്പോൾ തന്നെ റിക്കിയും കുടുംബവും ബംഗളൂരുവിലേക്ക് താമംസ മാറി. ബംഗളൂരുവിലെ ഓക്‌സഫോർഡ് ഡെന്റൽ കോളജിൽ ബിരുദം നേടിയ റിക്കി എന്ന കരിയറായി തെരഞ്ഞെടുത്തത് സംഗീതമായിരുന്നു. ബംഗളൂരുവിലെ റോക്ക് ബാൻഡായ ഏഞ്ചൽ ഡസ്റ്റിൽ കീബോർഡിസ്റ്റായി തുടങ്ങിയ റിക്കിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2015 ലാണ് റിക്കിയെ തേടി ആദ്യമായി ഗ്രാമി എത്തുന്നത്. 2015 ലെ വിൻഡ്‌സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെയായിരുന്നു പുരസ്‌കാരം.