ആലപ്പുഴ: രാത്രി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ഫോക്കസ്. മോട്ടോർ വാഹനവകുപ്പിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ് പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടികൂടും. രാത്രി സ്പെഷല്‍ ഡ്രൈവിലൂടെയാണ് നടപടിയെടുക്കുക.
ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാരലൈറ്റുകളുടെ അമിതഉപയോഗം, എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന പിടിവീഴും.വാഹന ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും കാഴ്ചക്ക് മങ്ങലുണ്ടാക്കുകയും ചെയ്യുന്നതാണ് രാത്രികാല അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിലാണ് നിരത്തുകളിലെ നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നത്. ഇതിനൊപ്പം ഇരുചക്രവാഹനങ്ങൾ പിടികൂടാനും പരിശോധന നടത്തും. വൈകീട്ട് ഏഴുമുതൽ പുലർച്ച മൂന്ന് വരെയാണ് പരിശോധന. അനധികൃത ലൈറ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകും. നിശ്ചിതസമയത്തിനുള്ളിൽ വാഹനം ഹാജരാക്കിയില്ലെങ്കിൽ ആർ.സി റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടിയെടുക്കും.
കേരളത്തിൽനിന്ന് വിനോദയാത്രക്കുപോയ ബസ് ഗോവയിൽ കത്തിനശിച്ച സംഭവവും അടുത്തിടെയാണ്. പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ-വിഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വേണ്ടി വയറിങ് ഹാർനെസുകളിലും ബാറ്ററികളിലും വരുത്തുന്ന മാറ്റങ്ങളാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ.