മഞ്ചേരി: കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ എക്സൈസ് വകുപ്പ് മരവിപ്പിച്ചു. എൻഡിപിഎസ് ആക്ട് 68 പ്രകാരം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ അപൂർവ നടപടി. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി ഹാജ്യരാകത്ത് അമീർ രണ്ട് ആധാരങ്ങളിലായി അട്ടപ്പാടിയിൽ വാങ്ങിയ ഒന്നര ഏക്കർ ഭൂമി സംബന്ധിച്ച നടപടികളാണ് മരവിപ്പിച്ചത്.
ലഹരി ഇടപാട് കേസിൽ ജില്ലയിലെ ആദ്യനടപടി കൂടിയാണിത്. അട്ടപ്പാടി കള്ളമല വില്ലേജിൽ ചെമ്മന്നൂരിലാണ് വിവാദ ഭൂമി. ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനിൽകുമാർ മുഖേനയാണ് മരവിപ്പിക്കൽ നടപടി. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ മഞ്ചേരിയിൽ വച്ച് പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തവേ അമീർ, മുരുഗേശ്വരി (അക്ക), അഷ്റഫ് എന്നിവരെ മഞ്ചേരി എക്സൈസ് സർക്കിൾ, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യുറോ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് എന്നിവർ ചേര്‍ന്ന് പിടികൂടിയിരുന്നു.
ഈ കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ സുപ്രധാന വിവരങ്ങളാണ് ലഭിച്ചത്. എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്ന ‘അക്ക’ എന്ന മുരുഗേശ്വരി, അമീർ എന്നിവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെകുറിച്ച് വിവരം ലഭിച്ചു.
ഇതേ കേസിൽ കോയമ്പത്തൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ച് വെച്ച 74 കിലൊ കഞ്ചാവും 37,000 രൂപയും അന്ന് കണ്ടെടുത്തിരുന്നു. അതോടൊപ്പം കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുക്കളെ കുറിച്ചും എക്സൈസ് സംഘം വിവരം ശേഖരിക്കുകയുണ്ടായി. ഈ സ്വത്തുക്കളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.