റിയാദ്: റമദാന്‍ പ്രമാണിച്ച് സംസം ജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്നത് വര്‍ധിപ്പിച്ചു. അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടിലുകളാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതെന്ന് കിങ് അബ്ദുല്ല സംസം ഫാക്ടറി അധികൃതര്‍ അറിയിച്ചു. റംസാന്‍ മാസം മുഴുവനുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. പ്രതിദിനം അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടില്‍ സംസം ഒരുക്കി വിതരണം ചെയ്യാനുള്ള ശേഷിയാണ് ഫാക്ടറിയില്‍ സജ്ജീകരിച്ചത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന 20 ലക്ഷത്തിലധികം ബോട്ടിലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഫാക്ടറിക്കുള്ളത്.
നോമ്പുതുറ വേളയില്‍ മക്ക ഹറമില്‍ വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംസം ഒരുക്കിയയിട്ടുണ്ട്. സംസം നിറച്ച ഒരു ലക്ഷം ബോട്ടിലുകള്‍ നമസ്‌കാര സ്ഥലങ്ങളിലും 40 ലിറ്റര്‍ ശേഷിയുള്ള 13,000 സംസം പാത്രങ്ങള്‍ മുറ്റങ്ങളിലും ഒരുക്കി. മദീന പള്ളിയില്‍ 1,10,000 ബോട്ടില്‍ സംസം വിതരണം ചെയ്യുന്നുണ്ട്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി 14,000 സംസം പാത്രങ്ങളും സംസമെടുക്കുന്നതിന് എട്ട് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.