ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ ആക്രമിച്ച സംഘം ഉപയോഗിച്ച കാർ ചേർത്തല കണിച്ചുകുളങ്ങരയിൽ കണ്ടെത്തി. അന്നപ്പുരയ്ക്കൽ ജംക്‌ഷനു സമീപം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്‌ഷനിലാണ് ഷാനിനുനേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന ഷാനെ പിന്നിൽ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വടിവാൾ പോലെയുള്ള ആയുധം ഉപയോഗിച്ച് നാല് പേർ ആക്രമിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. കാർ ഡ്രൈവറെ കൂടാതെയാണു നാല് പേർ. കാർ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്.