കുവൈത്ത് സിറ്റി : കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ 58 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. പിടിയിലായ പ്രവാസികളില്‍ 18 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരായിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്ത 17 പേരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 12 പേരെയും ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട 33 പേരെയുമാണ് അറസ്റ്റ് ചെയ്‍തത്.
പിടിയിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. നേരത്തെ ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 35 പേര്‍ അറസ്റ്റിലായിരുന്നു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇനിയും ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘകര്‍ക്ക് അഭയം നല്‍കരുതെന്നും അത്തരക്കാരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരും അവര്‍ക്ക് ജോലി നല്‍കുന്നവരും നിയമ നടപടികള്‍ വിധേയരാകുമെന്നും മുന്നറിയിപ്പ് നല്‍കി.