ഇനി ഫോണുകൾക്കൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാർസോ 50എ പ്രൈമിനൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും റിയൽമി വിശദീകരിച്ചു. നാർസോ 50എ പ്രൈം ഫോണുകൾക്കൊപ്പം മാത്രമാവും ചാർജറുകൾ നൽകാത്തത്. ഈ തീരുമാനത്തോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്നും തീരുമാനം വില്പനയെ ബാധിക്കുമോ എന്നും അറിയാനാണ് കമ്പനിയുടെ ഈ നീക്കം. ആപ്പിൾ ആണ് ആദ്യം ഈ പതിവ് ആരംഭിച്ചത്. ആപ്പിളിൻ്റെ ഐഫോണുകൾക്കൊപ്പം ഇപ്പോൾ ചാർജറോ ഹെഡ്സെറ്റോ ലഭിക്കാറില്ല. മറ്റ് പല മൊബൈൽ കമ്പനികളും ഇപ്പോൾ ബോക്സിൽ ഹെഡ്സെറ്റ് നൽകുന്നില്ല.
ഇവ പ്രത്യേകം പണം കൊടുത്ത് വാങ്ങണം. ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും ആപ്പിൾ ഇതിൽ നിന്ന് പിന്മാറിയിട്ടില്ല. ചാർജറുകൾ ഒഴിവാക്കുന്നതോടെ ഫോണുകൾ വിലകുറച്ച് നൽകാൻ കഴിയുമെന്നാണ് റിയൽമി പറയുന്നത്. എന്നാൽ, ചാർജർ ഒഴിവാക്കിയാൽ കമ്പനിക്ക് ലാഭമുണ്ടാവുമെന്ന വസ്തുത ആപ്പിൾ അംഗീകരിച്ചിട്ടില്ല. ബോക്സിൽ നിന്ന് ചാർജറും ഹെഡ്സെറ്റും നീക്കം ചെയ്തതിനെ തുടർന്ന് ആപ്പിൾ കമ്പനി ഏകദേശം 650 കോടി ഡോളർ ലാഭമുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.