മുംബൈ : മുംബൈയിൽ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനിതക പരിശോധനയിൽ എക്‌സ് എ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയെ അറിയിച്ചു. ‘ഇപ്പോൾ കിട്ടിയ തെളിവുകൾ വച്ചു നോക്കിയാൽ മുംബൈയിലേത് എക്‌സ് ഇ വകഭേദമാണെന്നു പറയാനാവില്ല. എക്‌സ് ഇ വകഭേദത്തിന്റെ ജനിതക ചിത്രവുമായി മുംബൈയിൽ കണ്ടെത്തിയ സാംപിളിന്റെ ജനിതക വകഭേദം ഒട്ടും തന്നെ ബന്ധപ്പെടുന്നില്ല. ഡിപ്പാർട്മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകർ ഇത് സ്ഥിരീകരിച്ചു’- ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നേരത്തേ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ മുംബൈയിൽ റിപ്പോർട്ട് ചെയ്തതായി നഗരസഭ അറിയിച്ചിരുന്നു. ഇത് അധികൃതർ നിഷേധിച്ചതോടെ നിലവിൽ കേസ് റിപ്പോർട്ട് ചെയ്തില്ലെന്നു വ്യക്തമായി. ബിഎ 2 വകഭേദത്തെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ. ആദ്യമായി യുകെയിലാണ് ഈ വകഭേദം കണ്ടെത്തിയത്. ബിഎ 1, ബിഎ 2 ഒമിക്രോൺ സ്ട്രെയിനുകളുടെ പരിവർത്തനരൂപമാണ് എക്‌സ് ഇ വകഭേദം. ബിഎ 2 നെ അപേക്ഷിച്ചു 9.8 ശതമാനം വളർച്ചയുള്ള എക്‌സ് ഇ വകഭേദം ‘രഹസ്യ വകഭേദം’ എന്നും അറിയപ്പെടുന്നു. പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തത് മൂലമാണ് ഈ വിശേഷണം ലഭിച്ചത്.
മുംബൈയിൽ നിന്നു ജനിതക ശ്രേണീകരണത്തിനായി അയച്ച 230 സാംപിളുകളിൽ ഒന്നിലാണ് ഈ വകഭേദം കണ്ടെത്തിയതായി സംശയമുദിച്ചത്. ഈ സാംപിളുകളിൽ ഒന്നിൽ കാപ്പ വകഭേദവും കണ്ടെത്തി. മറ്റ് 230 സാംപിളുകൾ ഒമിക്രോൺ വകഭേദമാണെന്നു സ്ഥിരീകരിച്ചു. ഇതുവരെ യുകെയിൽ 637 കേസുകൾ എക്‌സ് ഇ വകഭേദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ കൂടുതലും ലണ്ടനിൽ നിന്നും ഇംഗ്ലണ്ടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുമാണു കണ്ടെത്തിയത്.
എന്നാൽ ശ്രേണീകരണത്തിനു വിധേയമാക്കിയ ആകെ സാംപിളുകളിൽ ഒരു ശതമാനത്തിൽ താഴെ കേസുകൾ മാത്രമാണ് എക്‌സ് ഇ വകഭേദമാണെന്നു കണ്ടെത്തിയിട്ടുള്ളത്. 2022 ജനുവരി 19നാണ് ആദ്യമായി എക്‌സ് ഇ വകഭേദം റിപ്പോർട്ട് ചെയ്‌തത്. എക്‌സ് ഇ കേസുകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് യുകെ ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ബിഎ 2 വകഭേദത്തെക്കാൾ 10 ശതമാനം അധികം വളരാൻ എക്‌സ് ഇ വകഭേദത്തിന് സാധിച്ചേക്കാമെന്ന് അവർ വ്യക്തമാക്കി.