കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ എട്ടാംപ്രതി നടൻ ദിലീപും അഭിഭാഷകനും നിരവധിതവണ കണ്ടതിന്റെ തെളിവുകൾ അന്വേഷകസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ സുജേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന് പറയുന്നത്. സഹോദരീഭർത്താവായ സുരാജിന്റെ ഫോണിൽനിന്ന് ദിലീപ് അഭിഭാഷകനുമായി 2019 ഡിസംബർ 19ന് നടത്തിയ സംഭാഷണമാണ് ഹാജരാക്കിയത്. അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘അവരെ (ജഡ്ജിയെ) കേൾപ്പിക്കാൻ വേണ്ടീട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ’. ‘(പീഡനദൃശ്യങ്ങൾ) നമ്മൾ പലപ്രാവശ്യം കണ്ടതാ.’ ‘അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മൾ പലപ്രാവശ്യം കണ്ടതാ’. ‘ജഡ്ജിയുടെ ശ്രദ്ധ ആകർഷിക്കാനാണ് കോടതിയിൽ ചോദ്യങ്ങൾ ചോദിച്ചത്’. ‘ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയംവന്നപ്പോൾ അറ്റൻഷനിലാക്കാനാണ് ചോദ്യങ്ങൾ ചോദിച്ചത്.’ ‘ജഡ്ജിയെ ടാക്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.’ എന്നിങ്ങനെയാണ് സംഭാഷണങ്ങൾ.
ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവാണ് സംഭാഷണമെന്നും ഇരുവരുടെയും ശബ്ദസാമ്പിൾ പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വധഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും പൊലീസ് ഹാജരാക്കി. ‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചുകൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു’ എന്ന് പറയുന്ന ശബ്ദശകലമാണ് കോടതിയിൽ സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്നും അന്വേഷകസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിർണായക വിവരങ്ങളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കാവ്യയുടെ പങ്കിനെക്കുറിച്ച് സുരാജ് ശരത്തിനോട് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശരത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കണം. കാവ്യ ഇപ്പോൾ ചെന്നൈയിലാണ്. അടുത്തയാഴ്ച മടങ്ങിയെത്തും. എത്തിയാലുടൻ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. 2017ൽ ഈ കേസിൽ കാവ്യയെ പൊലീസ് ചോദ്യംചെയ്‌തിട്ടുണ്ട്.