ബെംഗളൂരു : ശ്രീരാമനവമി ദിനത്തിൽ ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു. ബെംഗളൂരു ബൃഹത് നഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിർദേശത്തെ തുടർന്ന് ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലി കശാപ്പ്, മാംസ വിൽപന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉത്തരവിൽ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിനത്തിൽ മാത്രമല്ല, ഗാന്ധിജയന്തി, സർവോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വിൽപനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് വർഷത്തിൽ എട്ടു ദിവസമെങ്കിലും മാംസവിൽപനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.