ന്യൂഡൽഹി: പ്രസംഗത്തിനിടെ സവര്‍ക്കറിനെ ‘ജി’ എന്ന് വിശേഷിപ്പിച്ച ശേഷം തൊട്ടുപിന്നാലെ തിരുത്തി രാഹുൽ ഗാന്ധി. താൻ സവർക്കറെ ‘ജി’ എന്ന് വിളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്കാരം കൊണ്ട് വിളിച്ചുപോയതാണെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ച് പറയുന്ന വേളയിൽ, സവർക്കറിന്റെ പുസ്തകത്തിലുള്ള ഒരു കാര്യം പരാമർശിക്കുകയായിരുന്നു രാഹുൽ. ‘സവർക്കറിന്റെ പുസ്തകത്തിലുണ്ട്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം താനും സുഹൃത്തുക്കളും ഒരു മുസ്‌ലിം ബാലനെ മർദിച്ച ദിവസമായിരുന്നു എന്ന്. സവർക്കർ ജി പറഞ്ഞത്… (പെട്ടന്ന് നിർത്തുന്നു) ഞാൻ ജി എന്ന് വിശേഷിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, വിളിച്ചുപോയി. സംസ്കാരം കൊണ്ടാണ്. പറഞ്ഞുവന്നപ്പോൾ മനസ്സിലുണ്ടായിരുന്നു അങ്ങിനെ വിളിക്കരുതെന്ന്, ജി എന്ന് പറയരുതെന്ന്. പക്ഷേ, പറഞ്ഞുപോയി. സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ട് പറഞ്ഞുപോയി’ -സവർക്കർ ബഹുമാനത്തിന് അർഹനല്ലയെന്ന അർഥത്തിൽ രാഹുൽ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് രാഹുലിന്റെ വാക്കുകൾ സദസ്സ് സ്വീകരിച്ചത്.