തൊടുപുഴ: ജോലി വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേർക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയുടെ മുത്തശ്ശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവർക്ക് എതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുമെന്നും സിഡബ്ല്യുസി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു. പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുളള ആറ് പ്രതികൾ റിമാൻഡിലാണ്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനും തുടർന്ന് തൊടുപുഴ പൊലീസിനും നൽകുകയായിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ മാളിയേക്കൽ വീട്ടിൽ ജോൺസൺ (50) എന്നിവരെയാണു തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെൺകുട്ടിയും രോഗിയായ മാതാവും ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് കുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത ബേബി ചൂഷണത്തിന് ഒത്താശ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിർധനാവസ്ഥ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ചൂഷണം ചെയ്യുകയായിരുന്നു.