ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽനിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഷെരീഫ് ഈദിന് ശേഷം പാക്കിസ്ഥാനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സ്ഥിരീകരിച്ച മുതിർന്ന പിഎംഎൽ-എൻ നേതാവ് മിയാൻ ജാവേദ് ലത്തീഫ്, നവാസ് ഷെരീഫിന്റെ മടങ്ങിവരവ് സഖ്യകക്ഷിയിലെ അംഗങ്ങളുമായി സംസാരിക്കുമെന്നും വ്യക്തമാക്കി.
ഇമ്രാൻ ഖാന്റെ പുറത്താകലിനെ തുടർന്ന് പാക്കിസ്ഥാനിൽ ഭരണപ്രതിസന്ധി നിലനിൽക്കവെയാണ് ഷെരീഫിന്റെ തിരിച്ചുവരവ്. ഷെരീഫിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങളും കൂട്ടുകക്ഷിയിൽ ചർച്ചചെയ്തതിന് ശേഷം മാത്രമെന്ന് മിയാൻ ജാവേദ് ലത്തീഫ് വ്യക്തമാക്കി. മെയ് ആദ്യവാരമാണ് പാക്കിസ്ഥാനിൽ ഈദ് ആഘോഷിക്കുന്നത്.
2017ൽ പനാമ പേപ്പർ കേസിൽ സുപ്രീം കോടതി ഓഫീസ് പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെരീഫിനെ നീക്കം ചെയ്‌തു ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് 72-കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകൾ ഇമ്രാൻ ഖാൻ സർക്കാർ ഉയർത്തിയിരുന്നു. വിദേശത്ത് ചികിത്സാനുമതി നടത്താൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് ഷെരീഫ് ലണ്ടനിൽ പോയത്. പാക്കിസ്ഥാനിൽ നാലാഴ്ചയ്ക്കം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ഷെരീഫ് പിന്നീട് മടങ്ങിയെത്തിയില്ല.
അതേസമയം ദേശീയ അസംബ്ലി പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ ഷെരീഫ് പ്രശംസിച്ചു. ‘ഈ തീരുമാനത്തിൽ ജനങ്ങൾക്ക് ദൈവത്തോട് കടപ്പാടുണ്ട്. പാക്കിസ്ഥാനിലെ ജനങ്ങളെ പട്ടിണി കിടത്തുകയാണ് ഇമ്രാൻ ചെയ്തത്’- ഷെരീഫ് കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂട്ടുകക്ഷി സർക്കാർ ആറ് മാസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് വിശ്വാസം പ്രകടിപ്പിച്ച ഷെരീഫ് പുതിയതായി തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരമെന്നും കൂട്ടിച്ചേർത്തു.