ബംഗ്ലുരു : എതിർപ്പുകളെ മറികടന്ന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്. സംസ്ഥാനത്ത് രഹസ്യമായി മത അധിനിവേശം നടക്കുന്നതായി ബസവരാജ് ബൊമ്മയ് ആരോപിച്ചു. ആളുകളെ വശീകരിച്ചും ബലപ്രയോഗത്തിലൂടെയുമാണ് മതംമാറ്റം നടക്കുന്നത്. മതപരിവർത്തനം രോഗം പോലെ പടർന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന് ഇത് അനുവദിക്കാനാകില്ല. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്നത് അതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടകയും പാസാക്കാൻ ഒരുങ്ങുന്നത്. ബിൽ ഇന്ന് കർണാടക നിയമസഭയുടെ മേശപ്പുറത്ത് വയക്കും. സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. കോണ്‍ഗ്രസും ജെഡിഎസ്സും സഭയല്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്. നിര്‍ബന്ധിച്ച് മതംമാറ്റുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.