ന്യൂഡൽഹി: സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചികയിൽ (എസ്ഇസിഐ–റൗണ്ട് 1) മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യത്യാസവും അടിസ്ഥാനമാക്കി വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ് എന്നിവയും വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതു ഗോവയാണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡിന്റേതാണു മികച്ച പ്രകടനം.
വൈദ്യുതി വിതരണ കമ്പനികളുടെ പ്രകടനം, ഊർജത്തിന്റെ ലഭ്യത-ചെലവ്-വിശ്വാസ്യത, ശുദ്ധമായ ഊർജ സംരംഭങ്ങൾ, ഊർജ കാര്യക്ഷമത, പരിസ്ഥിതി സുസ്ഥിരത, പുതിയ സംരംഭങ്ങൾ എന്നിവ വിലയിരുത്തിയാണ് പ്രകടനം നിർണയിക്കുന്നത്. ഫലത്തെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഫ്രണ്ട് റണ്ണേഴ്‌സ്, അച്ചീവേഴ്‌സ്, ആസ്പിരന്റ്സ് എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് സൂചിക പുറത്തിറക്കിയത്. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, അംഗം ഡോ. വി.കെ.സരസ്വത്, വൈദ്യുതി മന്ത്രാലയം സെക്രട്ടറി അലോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.