കൊച്ചി: വലിയഴീക്കൽപാലത്തിന് ശേഷം കേരളത്തിന്റെ മുഖ്യ ആകർഷണമാകാൻ പോകുന്ന ആലപ്പുഴ ജില്ലയിലെ കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30 ന് കൂട്ടംവാതുക്കൽകടവ് പാലം നാടിന് സമർപ്പിക്കും. പുതിയകാലത്തിന് അനുസരിച്ച് പുതിയ നിർമ്മാണരീതികൾ നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പിൻറെ മറ്റൊരു അഭിമാന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.
കായംകുളം നിയമസഭാമണ്ഡലത്തിലെ കണ്ടലൂർ പഞ്ചായത്തിനെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ഈ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. 2005 മുതൽ പാലം നിർമ്മാണത്തിനായുള്ള പ്രാരംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതിന് ജീവൻവെച്ചത്. മുൻ മന്ത്രി ജി സുധാകരൻറെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് പ്രത്യേകം രൂപകൽപ്പനചെയ്‌തതാണ് ഈ പാലം. 2019 ൽ പ്രവൃത്തി ആരംഭിച്ച് 15 മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മാഹാമാരി നിർമ്മാണ പ്രവൃത്തിക്ക് തടസ്സം നിന്നു. അല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു.
2021 മെയ് 20 ന് വകുപ്പിന്റെ ചുമതലയേറ്റെടുത്തശേഷം പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ സംബന്ധിച്ച് ഒരു പരിശോധന നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം നിന്നുപോയ പ്രവൃത്തികൾ ഇളവുകൾ വന്നതോടെ പുനരാരംഭിക്കാനായി. അതിൽ പ്രധാനപ്പെട്ടതായിരുന്നു കൂട്ടംവാതുക്കൽകടവ് പാലം. ഈ സർക്കാർ ഒരു വർഷം പൂർത്തീയാക്കുമ്പോൾ കൂട്ടംവാതുക്കൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്.പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യംലഭിക്കുന്ന വിധത്തിൽ ആകർഷകമായ രീതിയിൽ പാലം രൂപകൽപ്പന ചെയ്‌ത് പ്രവൃത്തി പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.