വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ പ്രതികരിച്ച് അമേരിക്ക. യുഎസിൽ നിന്നാണ് ഇന്ത്യ കൂടുതൽ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ പത്ത് ശതമാനത്തോളം അമേരിക്കയിൽ നിന്നാണ്. റഷ്യയിൽ നിന്ന് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നും അതുകൊണ്ടു തന്നെ ഇതിൽ ലംഘനം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓൺലൈനിൽ ചർച്ച നടത്തി. യുക്രൈനിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് മോദി പറഞ്ഞു. യുദ്ധം തകർത്ത യുക്രൈനിലേക്ക് മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചുവെന്നും മോദി വ്യക്തമാക്കി.
‘യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച സമാധാനത്തിലേക്കുള്ള പാത തുറക്കുമെന്നു പ്രതീക്ഷിക്കുന്നു. മാനുഷികമായ എല്ലാ സഹായങ്ങളും യുക്രെയ്ൻ ജനതയ്ക്ക് നൽകുന്നുണ്ട്. ബുച്ചയിലെ സാധാരണക്കാർ കൊല്ലപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തെ അപലപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇന്ത്യ–യുഎസ് പങ്കാളിത്തം പല ആഗോള പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സന്ദർശിച്ചപ്പോൾ താങ്കൾ പറഞ്ഞു. അതിനോട് പൂർണമായി യോജിക്കുന്നു’ – ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് എല്ലാ ശ്രമവും നടത്തുകയാണെന്ന് ബൈഡൻ പ്രതികരിച്ചു.