ഇൻഡോർ: ജനങ്ങൾക്ക് തന്നെ ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാർഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും വാദ്ര പറഞ്ഞു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ അവരെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങൾക്ക് തോന്നിൽ, അവർക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെങ്കിൽ തീർച്ചയായും രാഷ്ട്രീയത്തിൽ ഇറങ്ങും. രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ ജനങ്ങളെ സേവിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ 10 വർഷത്തിലേറെയായി തുടരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും അത് ഇനിയും തുടരും. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഇടയിലാണ് താൻ ഉണ്ടായിരുന്നത്. അവർ തനിക്കൊപ്പമുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ എന്നെ പിന്തുണക്കുന്നവർ സാധാരണക്കാർക്കുവേണ്ടി നന്നായി ജോലി ചെയ്യും. ഇന്ന് ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങൾ കുടുംബത്തിൽ ദിവസവും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. യാഥാർത്ഥ്യം ജനങ്ങളെ കാണിക്കാൻ മാധ്യമങ്ങൾക്കും ഭയമാണ്. ഇത്തരം പ്രവണത ജനാധിപത്യത്തിന്റെ ഭാഗമല്ല. അത് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകും. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രിയങ്കയ്ക്ക് 10ൽ 10മാർക്കും നൽകും. പ്രിയങ്ക തെരഞ്ഞെടുപ്പ് വിജയത്തിനായി രാവും പകലും പ്രവർത്തിച്ചു. യുപിയിലെ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കണം. മതേതരമായി തുടരാൻ രാജ്യം എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളണമെന്നും വാദ്ര വ്യക്തമാക്കി.