ചെന്നൈ: കമ്പനിയുടെ വിജയത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാർക്ക് മാരുതി സുസുക്കി കാറുകൾ സമ്മാനമായി നൽകിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവർ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളിൽ ഒരു പങ്കാണ് കാറിലൂടെ തിരികെ നൽകുന്നതെന്നും ഐഡിയസിന്‍റെ മാർക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാർ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകൾ അവർക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും ചെയർമാനുമായ വിവേകാനന്ദന്‍ പറഞ്ഞു.
കമ്പനിയിൽ നിന്ന് ഇടക്കിടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെന്നും വളർച്ച കൈവരിക്കുന്ന ഓരോ അവസരങ്ങളിലും സ്വർണ്ണ നാണയങ്ങൾ, ഐഫോണുകൾ പോലുള്ള സമ്മാനങ്ങൾ കൊണ്ട് കമ്പനി സന്തോഷം പങ്കിടാറുണ്ടെന്നും ജീവനക്കാരനായ പ്രസാദ് അഭിപ്രായപ്പെട്ടു. ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു സോഫ്‌റ്റ്‌വെയർ കമ്പനി കിസ്‌ഫ്ലോ അതിന്റെ അഞ്ച് മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് ഒരു കോടി രൂപ വിലയുള്ള ആഡംബര ബി.എം.ഡബ്ല്യു കാറുകൾ സമ്മാനമായി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്തയും വരുന്നത്.