പീച്ചി (തൃശൂർ): നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് തൃശൂര്‍ പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. സി.ഐ.ടി.യു വിട്ട് സ്വതന്ത്രസംഘടന രൂപീകരിച്ച കെ.ജി. സജിയെ (47) ആണ് ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
പാലം പണിയുമായി ബന്ധപ്പെട്ട് നേതാക്കൾ നടത്തിയ സാമ്പത്തിക അഴിമതി സജി അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതെത്തുടർന്ന് സജി സി.ഐ.ടി.യു വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിൽ കൊണ്ടെത്തിച്ചതെന്ന് ഇയാളുടെ സഹോദരന്‍ പറയുന്നു.ഇയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ തന്നെ പോര് രൂപെപ്പട്ടിട്ടുണ്ട് പോര്. സജിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്‍റെയും സി.ഐ.ടി.യുവിന്‍റെയും കൊടിതോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടി. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച നേതാക്കൾക്കെതിരായ ആരോപണമാണ് ഇരുവിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലിനിടയാക്കിയത്.
പീച്ചി ബ്രഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, പാർട്ടി പ്രവർത്തകരായ വർഗീസ് അറക്കൽ, തച്ചിൽ പ്രിൻസ് എന്നിവർക്ക് മർദനമേറ്റിരുന്നു. സി.പി.എം ഓഫിസിന്‍റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. നേരത്തേ സി.ഐ.ടി.യുവിലുണ്ടായിരുന്ന ഭിന്നതകളുടെ ഭാഗമായി തൊഴിലാളികൾ യൂനിയൻ വസ്ത്രം ഉപേക്ഷിക്കുകയും ഓഫിസ് വെളുത്ത ചായം പൂശുകയും ചെയ്തിരുന്നു. നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. എന്നാൽ, കുറച്ച് തൊഴിലാളികൾ നിലപാട് മാറ്റി പാർട്ടി പക്ഷത്തേക്ക് മാറിയതോടെ സജി ഒറ്റപ്പെടുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് ഒരുവിഭാഗം പറയുന്നു. കൊടിതോരണങ്ങൾ നശിപ്പിച്ചതിനും നേതാക്കളെ മദിച്ചതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.