തൊടുപുഴ: പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിലേക്ക് മൊഴി മാറ്റുമ്പോൾ സംഭവിക്കുന്ന തർജമപ്പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലിഷ് ഭാഷയിൽ കൂടി ചോദ്യങ്ങൾ നൽകുന്നത് സജീവ പരിഗണനയിലാണെന്ന് പിഎസ്സി. മനുഷ്യാവകാശ കമ്മിഷനെയാണ് പിഎസ്സി ഇക്കാര്യം അറിയിച്ചത്.
തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ പിശകുകളും അക്ഷരത്തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പിഎസ്സി സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
തർജമ പിശകുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പിഎസ്സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ലിഷ് ചോദ്യങ്ങൾ കൂടി നൽകാൻ ആലോചിക്കുന്നത്. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.