ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തശിക്ക് എതിരെയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്.
തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്നായിരുന്നു ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തൽ. ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിര്‍ദ്ദേശം നൽകുകയും ചെയ്തു. പെണ്‍കുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ ചോദ്യം ചെയ്യും. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്തമായ ഉത്തരം നൽകാനാവുക ബേബിക്കെന്നാണ് പൊലീസ് പറയുന്നത്.
റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടനെ നൽകും. സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് ബേബിയെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. റാക്കറ്റിലെ വന്പൻമാരെ കണ്ടെത്താനും ബേബിയുടെ സഹായം വേണം. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിൽ ആറ് പേരെ പിടികൂടി. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയായിരുന്നു പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം ആദ്യം അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞു.
എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019 ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.