കോഴിക്കോട്: ലവ് ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർ.എസ്.എസ് അജണ്ടയാണ് ലവ് ജിഹാദെന്നും മന്ത്രി പറഞ്ഞു. കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നു. ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ലൗ ജിഹാദിനെ കുറിച്ച് പാര്‍ട്ടിക്ക് ഒരു നിലപാടേ ഉള്ളൂ. വിവാഹം ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആര് വന്നാലും ചെറുക്കും. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ഒപ്പം വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ലവ് ജിഹാദ് എന്ന ഇല്ലാകഥ ബി.ജെ.പി ഉയര്‍ത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് ലവ് ജിഹാദ് വിവാദം വീണ്ടും ഉടലെടുത്തത്. വിവാദത്തെ അനുകൂലിച്ച് സി.പി.എം നേതാവ് ജോർജ്ജ് എം. തോമസും രംഗത്തു വന്നതോടെ പാർട്ടിയിൽ നിന്ന് തന്നെ സി.പി.എമ്മിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നു. പിന്നീട് അദ്ദേഹം തന്നെ തിരുത്തി പറഞ്ഞുവെങ്കിലും വിവാദം കനത്തു. ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ജോര്‍ജ് എം. തോമസിന് പിശക് പറ്റിയതാണ്. അദ്ദേഹം പറഞ്ഞത് നാക്കുപിഴയായി കണക്കാക്കിയാല്‍ മതി. പിശക് ജോര്‍ജിന് ബോധ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം അത് പാര്‍ട്ടിയെ അത് അറിയിച്ചുവെന്നും മോഹനന്‍ പറഞ്ഞു.