ദില്ലി : കേന്ദ്ര മന്ത്രി വി മുരളീധരനെ തൃപ്തിപ്പെടുത്താനാണ് രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂർണമായി കാവിവൽക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ദില്ലിയില്‍ ആരോപിച്ചു. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഉണ്ണിത്താൻ രംഗത്ത് വന്നിരുന്നു.
എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവിവല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.