പട്ന∙ കോൺഗ്രസ് ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു മദൻ മോഹൻ ഝാ രാജി നൽകി. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പശ്ചാത്തലത്തിൽ നേതൃമാറ്റത്തിനു മുന്നോടിയായാണു രാജി. ആറു മാസം മുൻപു തന്നെ സ്ഥാനമൊഴിയാനുള്ള താൽപര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നതായി മദൻ മോഹൻ ഝാ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാജിക്കാര്യം പരസ്യമാക്കിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ പരാജയത്തിനിടയാക്കിയതു കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ്. ബിഹാറിലെ മഹാസഖ്യത്തിൽ ആർജെഡിയും കോൺഗ്രസും വേർപിരിഞ്ഞു നിൽക്കുന്നതിനിടെ രാജിക്കു പ്രാധാന്യമുണ്ട്. ആർജെഡിയുമായുള്ള സഖ്യം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ താൽപര്യം സംരക്ഷിക്കുന്നയാളാകും പകരം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുക.
മീരാ കുമാർ, കനയ്യ കുമാർ എന്നിവർക്കൊപ്പം കോൺഗ്രസ് പ്രവേശനത്തിനു തയാറായി നിൽക്കുന്ന ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവിനെയും പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പപ്പു യാദവിന്റെ പത്നിയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജനും സാധ്യതയുണ്ട്.