കൊച്ചി: ഓൺലൈനായി വൈദ്യുതി ബിൽ അടച്ച യുവതിയുടെ പണം തട്ടിയെത്തു സൈബർ തട്ടിപ്പുസംഘം. നെട്ടൂർ സ്വദേശിനി ലക്സി ബിനോയ്ക്കാണ് 49,000 രൂപ നഷ്ടമായത്. മണിക്കൂറുകൾക്കുള്ളിൽ സൈബർ പൊലീസിൽ റിപ്പോർട്ടു ചെയ്തെങ്കിലും ഇതുവരെയും പണം തിരിച്ചു പിടിക്കാനായില്ലെന്നു മാത്രമല്ല തുടർനടപടി സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു. സൈബർ പൊലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പണം കിട്ടാതെ തന്നെ കേസ് അവസാനിപ്പിക്കുകയാണ്. പണം തിരിച്ചു പിടിക്കാൻ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഡിജിപി ഉൾപ്പടെയുള്ളവർക്കു പരാതി നൽകുമെന്നും ലക്സി പറഞ്ഞു.
വൈദ്യുതി ബില്ലടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് അറിയിച്ച് ഫോണിലേയ്ക്കു വന്ന എസ്എംഎസ് പിന്തുടർന്നതാണ് യുവതിക്കു വിനയായത്. ഫോൺ നമ്പരിലേയ്ക്കു തിരിച്ചു വിളിച്ചപ്പോൾ കെഎസ്ഇബിയിലേയ്ക്കു സ്വാഗതം അറിയിക്കുന്ന കോളർ ട്യൂണാണ് കേട്ടത്. അതുകൊണ്ടു തന്നെ സംശയം തോന്നാതെ ഇവരുമായി സംസാരിച്ചു. വിളിച്ചു ചോദിച്ചപ്പോൾ അമ്മ ബില്ല് അടച്ചിരുന്നതായാണ് പറഞ്ഞത്. ഈ വിവരം അറിയിച്ചപ്പോൾ പത്തു രൂപ കുറച്ചാണ് അടച്ചതെന്നും അതു കൂടി അടച്ചില്ലെങ്കിൽ രാത്രി ഫ്യൂസ് ഊരുമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ ചമഞ്ഞു സംസാരിച്ചയാൾ പറഞ്ഞത്.
പത്തു രൂപയ്ക്കു വേണ്ടി ഫ്യൂസ് ഊരേണ്ടതില്ലല്ലോ എന്നു കരുതി സംസാരിച്ചയാൾ പറഞ്ഞ പ്രകാരം ഒരു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തെന്നും പൈസ അടച്ചതെന്നും ഇവർ പറയുന്നു. ഫോണിൽ കൺസ്യൂമർ നമ്പർ പറഞ്ഞപ്പോൾ ബാക്കിയുള്ള മുഴുവൻ വിവരങ്ങൾ ഇങ്ങോട്ടു പറഞ്ഞതുകൊണ്ടു സംശയമൊന്നും തോന്നിയില്ല. ഒടിപി തട്ടിപ്പിനെക്കുറിച്ചു കേട്ടിട്ടുള്ളതിനാൽ അതു നൽകിയില്ല. പക്ഷേ ഫോൺ വിവരങ്ങൾ തട്ടിയെടുക്കുന്ന ആപ്പിനെ കുറിച്ച് അറിയാതിരുന്നത് ഇവർ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഗൂഗിൾ പേ ഉണ്ടോ എന്നു ചോദിച്ചപ്പോൾ അതില്ലെന്നു പറഞ്ഞതിനാൽ കാർഡ് നമ്പർ അടിച്ച് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇവർ അക്കൗണ്ടിൽനിന്ന് 49,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം ബാങ്കിൽനിന്നു ട്രാൻസാക്ഷൻ നടക്കുന്നുണ്ടെന്നും നിങ്ങളല്ലെങ്കിൽ ബ്ലോക്കു ചെയ്യാനും ആവശ്യപ്പെട്ടുള്ള വിളി വന്നു. ഉടൻ തന്നെ ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമാകുന്നത് ഒഴിവായി. ഇതുകഴിഞ്ഞും തട്ടിപ്പുസംഘം ആറു പ്രാവശ്യം പണം മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പണം നഷ്ടമായത് അറിഞ്ഞ് ഉടൻ തന്നെ പരിചയമുള്ള ഒരു ജഡ്ജിയെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ പണവും ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നെന്നും സൈബർ സെല്ലിൽ നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പണം തിരികെ കിട്ടുമെന്നും അറിയിച്ചു. ഇതുപ്രകാരമാണ് ഇൻഫോപാർക്ക് സൈബർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടത്. പിന്നാലെ സൈബർ സ്റ്റേഷനിൽ നേരിട്ടുചെന്നും പരാതി നൽകിയെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല. സിസേറിയൻ നടത്തി രണ്ടാഴ്ച മാത്രം കഴിഞ്ഞപ്പോഴായിരുന്നു പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോയത്.
പ്രസവത്തിനു ചില പ്രശ്നങ്ങളുണ്ടാകുമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നതിനാൽ മറ്റു പലരിൽനിന്നും കടമായി വാങ്ങിയ പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. സൈബർ സെൽ ഇടപെട്ട് പണം മാറ്റിയ വെബ്സൈറ്റുമായി ബന്ധപ്പെട്ടെങ്കിലും അവർ മറുപടി നൽകിയപ്പോഴേയ്ക്കു മറ്റൊരു ബാങ്ക് അക്കൗണ്ടിലേയ്ക്കു മാറ്റി എടിഎം വഴി പണം പിൻവലിച്ചെന്നും പറയുന്നു. കേരളത്തിനു പുറത്തുള്ള എടിഎമ്മിൽനിന്നാണ് പണം പിൻവലിച്ചത്.
തട്ടിപ്പു സംഘം അവരുടെ ഫോൺ നമ്പരിലുള്ള വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി ഇട്ടിരിക്കുന്നതു പോലും കെഎസ്ഇബിയുടെ ലോഗോ ആയിരുന്നു എന്നതു തട്ടിപ്പ് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നു വ്യക്തമാക്കുന്നു. ഇതിനിടെ, തട്ടിപ്പ് സംഘത്തോടു സാഹചര്യങ്ങൾ പറഞ്ഞു മെസേജ് അയച്ചാൽ പണം തിരിച്ചു കിട്ടിയാലോ എന്നു സുഹൃത്തുക്കൾ നിർദേശിച്ചത് അനുസരിച്ചു സന്ദേശം അയച്ചിരുന്നു. പണം തിരിച്ച് അയച്ചു തരാമെന്ന് ആദ്യം പറഞ്ഞെങ്കിലും അതിനു തയാറായില്ലെന്നു മാത്രമല്ല അശ്ലീല സംഭാഷണത്തിനു ശ്രമിക്കുകയും ചെയ്തു. ഒരു തവണ വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന് ഇവരുമായുള്ള സംഭാഷണം അവസാനിപ്പിക്കുകയായിരുന്നെന്നും ലക്സി പറഞ്ഞു.
കേരളത്തിൽ ഇപ്പോഴും നിരവധിപ്പേർ ഇത്തരത്തിൽ തട്ടിപ്പു സംഘത്തിന്റെ വലയിലായി പണം നഷ്ടമാകുന്നുണ്ടെങ്കിലും മാനക്കേടു ഭയന്നു പുറത്തു പറയുന്നില്ലെന്ന് സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകൻ ജിയാസ് ജമാൽ പറയുന്നു. സ്ഥിരമായി ഒരു മോഡൽ പരീക്ഷിക്കുന്നതിനു പകരം പുത്തൻ തന്ത്രങ്ങൾ പയറ്റുന്നതിനാൽ സാധാരണക്കാർ പലരും വലയിൽ വീഴുകയാണെന്നും സൈബർ തട്ടിപ്പിനെക്കുറിച്ചു വേണ്ടത്ര അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറയുന്നു.