കോഴിക്കോട്: ലൗ ജിഹാദ് സംബന്ധിച്ച സിപിഎം നേതാവിന്റെ പ്രസ്താവന വെറും നാക്കു പിഴയല്ല, പ്രത്യയശാസ്ത്ര പിഴവാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സിപിഎം എടുത്തണിയുന്ന മുഖം പുരോഗമനാത്മകമാണെങ്കിലും പാർട്ടി പ്രത്യയശാസ്ത്ര രേഖ വർഗീയത വളർത്തുന്നതാണ്. രണ്ട് സൈഡിലും ആളുകളെ നിർത്തുന്ന പരിപടി സിപിഎം നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്ലൈറ്റ് മോഡിലായ ബിജെപിക്ക് വൈബ്രേഷൻ മോഡ് കൊടുക്കുകയാണ് സിപിഎം. പാർട്ടിയെ അറിയിച്ച് കല്യാണം കഴിച്ചാൽ വിശുദ്ധ വിവാഹവും അല്ലെങ്കിൽ ലൗ ജിഹാദുമാവുന്നത് എങ്ങനെയാണ്?. തരം പോലെ വർഗീയത പറയുന്ന തലത്തിലേക്ക് സിപിഎം താഴ്ന്നു പോവുകയാണ്. പ്രത്യയശാസ്ത്ര രേഖ തള്ളിപ്പറയാൻ തയാറാവണം. നേതാവിനെതിരെ നടപടി വേണം.
എക്സ്ട്രീം വിഭാഗീയത പറയുമ്പോൾ കിട്ടുന്ന കയ്യടി നാടിനെ തകർക്കും എന്ന തിരിച്ചറിവാണ് സിപിഎം നേതാക്കൾക്കു വേണ്ടത്. ജോർജ് എം.തോമസിന്റേത് ഇടയ്ക്ക് ഒറ്റപ്പെട്ടുണ്ടാവുന്ന പ്രസ്താവനയല്ല. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് കൊടുത്തയച്ച ഉദ്ഘാടന പ്രസംഗത്തിന്റെ രേഖ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏത് പശ്ചാത്തലത്തിലാണ് ഈ രേഖയെ വ്യാഖ്യാനിച്ചത്?.
എതിർത്തു നിൽക്കുന്നതുകൊണ്ട് ഞങ്ങളാരും കെ.വി. തോമസിനെ തൊടില്ല. ഭിന്ന അഭിപ്രായമുള്ളവരെ ഞങ്ങളാരും 52 വെട്ടുവെട്ടിയിട്ടില്ല. ആ രീതി കോൺഗ്രസിനില്ല. റഹീമും സംഘവും ചെറിയാൻ ഫിലിപ്പിനെ സ്നേഹിച്ചതു പോലെ കെ.വി. തോമസിനെ സ്നേഹിക്കാതിരുന്നാൽ മതി. അവർ സുരക്ഷ ഒരുക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസി തുടങ്ങുന്നുണ്ടെങ്കിൽ പരാതിയില്ല. യുവാക്കൾക്കിടയിൽ വർഗീയത പടർത്താനുള്ള ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാംപെയിൻ തുടങ്ങുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.