കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷകസംഘം കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകും. ബുധനാഴ്ച ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും അസൗകര്യമടക്കം സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവച്ചു. സൗകര്യം ഒരുക്കാൻ കഴിയുന്ന സ്ഥലം നിശ്ചയിച്ചശേഷം നോട്ടീസ് നൽകാനാണ് തീരുമാനം.
എന്നാൽ, തുടരന്വേഷണത്തിന് കോടതി അനുവദിച്ച കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നത് അന്വേഷണം പ്രതിസന്ധിയിലാക്കും. കാലാവധി മൂന്നുമാസംകൂടി നീട്ടിനൽകണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം നിർണായകഘട്ടത്തിലായതിനാൽ കൂടുതൽ സമയം വേണമെന്നും കേസിൽ കാവ്യയുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.കേസിലെ തുടരന്വേഷണപുരോഗതി റിപ്പോർട്ട് അന്വേഷകസംഘം തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചേക്കും. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് വിചാരണക്കോടതിയിൽ സമർപ്പിക്കുക.