പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പാലക്കാട് എസ്പി. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ നിലവില്‍ അഞ്ച് സിഐമാരുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ എല്ലായിടങ്ങളിലും പോലീസ് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കൂടുതല്‍ നിരീക്ഷണം ശക്തമാക്കും. സുബൈറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ സുബൈറിന് ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വിവരം അന്വേഷിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി.
ഇന്നുച്ചയോടെയാണ് സംഭവം. പാലക്കാട് കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.