പാലക്കാട് : പാലക്കാട്ട് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. പോസ്റ്റുമോർട്ടം ചെയ്ത ഉദ്യോഗസ്ഥൻ ഇന്ന് പോലീസിന് വിവരങ്ങൾ മൊഴിയായി നൽകും. വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പോലീസിൽ നിന്നും ലഭിക്കുന്നത്. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ്. പ്രതികൾ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പോലീസ്. ഇന്നലെ ഉച്ചയോടെയാണ് അരും കൊലപാതകമുണ്ടായത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.