തിരുവനന്തപുരം : കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി നിർവാഹക സമിതിയും ഇന്നും നാളെയുമായി ചേരും. അംഗത്വ വിതരണത്തിൽ സംഭവിച്ച പാകപ്പിഴകളാകും പ്രധാനമായും ചർച്ച ചെയ്യുക. രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കു കെ.വി. തോമസിനെ ക്ഷണിച്ചിട്ടില്ല.
ഡിജിറ്റൽ അംഗത്വ വിതരണം കൊണ്ടുവന്നെങ്കിലും താഴെത്തട്ടിലെ പ്രവർത്തകർക്കു കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്നതാണു പ്രധാന വീഴ്ചയായി വിലയിരുത്തുന്നത്. പിന്നീട് കടലാസ് ഫോം വഴിയും അംഗത്വ വിതരണമാകാം എന്ന നിർദേശം വന്നപ്പോൾ അതും ആശയക്കുഴപ്പമുണ്ടാക്കി. കെ.വി. തോമസിന്റെ കാര്യത്തിൽ എടുത്ത നിലപാടുകളും യോഗം ചർച്ച ചെയ്യും.
അദ്ദേഹത്തിനെതിരെ കർശന നടപടി എടുക്കണമെന്നാണു കെപിസിസിയിലെ പൊതുനിലപാട്. എങ്കിലും എഐസിസിയുടെ കാരണം കാണിക്കൽ നോട്ടിസിനു തോമസ് മറുപടി നൽകിയ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാക്കുകയാണ് കെപിസിസി നേതൃത്വം. കെ.വി.തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന്റെ അച്ചടക്കലംഘനം കേരളത്തിലെ പാർട്ടി ഘടകത്തിന് ഉണ്ടാക്കിയ ക്ഷതം വളരെ വലുതാണെന്നും ഹൈക്കമാൻഡിനെ അതു ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നുമാണ് പൊതു അഭിപ്രായം.