കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിര്‍ദേശിച്ച തീരുമാനം കൈക്കൊണ്ടത് സിപിഎം സംസ്ഥാന കമ്മിറ്റി യോഗമാണെന്നും ഏകകണ്ഠമായാണു തീരുമാനമെടുത്തതെന്നും പി.ജയരാജന്. ‘യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഏകകണ്ഠമായെടുത്ത ആ തീരുമാനത്തില്‍ ഞാനും പങ്കാളിയാണ്. ഭരണരംഗത്ത് മികച്ച അനുഭവസമ്പത്തുള്ളയാളാണ് പി.ശശി. ആ നിലയ്ക്ക് ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനാവും. അതേക്കുറിച്ച് പല വാര്‍ത്തകളും വരുന്നുണ്ട്. അവയൊക്കെ മാധ്യമസൃഷ്ടിയാണ്. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് പുറത്തു പറയാന്‍ കഴിയില്ല’ – ജയരാജന് പറഞ്ഞു.