തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-ബെംഗളൂരു സര്‍വീസിനിടെ യാത്രക്കാരിയായ വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ.ഷാജഹാനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്ന ശേഷം പരാതിക്കാരിയെ ഷാജഹാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്‌സാപ്പില്‍ വോയിസ് മെസേജ് അയയ്ക്കുകയും സ്ഥാപനത്തിന്റെ അറിവോ സമ്മതമോ കൂടാതെ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു.
വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഷാജഹാന്‍ മാധ്യമങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിക്കും സ്ഥാപനത്തിനും അപകീര്‍ത്തി ഉണ്ടാക്കുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി അവിടെത്തിയ ശേഷം ഇ- മെയില്‍ വഴിയാണു പരാതി നല്‍കിയത്.