തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതി ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെഎഫ്‌സി) 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് സ്‌കോച്ച് അവാർഡ്.
തൊഴിൽ രഹിത യുവജനതയ്‌ക്ക് സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു കോടി രൂപവരെ ലളിത വ്യവസ്ഥകളിൽ വായ്‌പ നൽകുന്ന പദ്ധതിയാണ് സിഎംഇഡിപി. സംരംഭകന് പദ്ധതി ചെലവിന്റെ 90 ശതമാനംവരെ വായ്‌പയായി കെഎഫ്സി നൽകും. 2020 ജൂലൈയിൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 1894- യൂണിറ്റ് സ്ഥാപിച്ചു. 158 കോടി രൂപ വായ്‌പ നൽകി. ആദ്യ ഘട്ടത്തിൽ ശതമാനം പലശിയിൽ 50 ലക്ഷം രൂപവരെ നൽകി. രണ്ടാം ഘട്ടത്തിൽ പലിശ അഞ്ചു ശതമാനമാക്കി. വായ്പാ പരിധി ഒരു കോടിയായി ഉയർത്തി. കോർപറേഷന്റെ പരിശ്രമങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത് അഭിമാനകരമാണെന്ന് കെഎഫ്സി – സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു. അഞ്ചു ശതമാനം പലിശയ്‌ക്ക് രണ്ടുകോടി രൂപ വരെയുള്ള വായ്‌പകൾ ലഭ്യമാക്കുന്ന രീതിയിൽ പദ്ധതിയെ പുനരാവിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷം 500 എന്നനിലയിൽ അഞ്ച് വർഷത്തിൽ 2500 പുതിയ സംരംഭമാണ് ലക്ഷ്യം. ഈ വർഷം പദ്ധതിയിൽ 500 കോടി രൂപ വായ്‌പ നൽകും.