പാണ്ടിക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാതലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീം (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊലപ്പെട്ട പശ്ചാതലത്തിൽ പ്രകോപനപരമായ രീതിയിൽ ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സജീവ പ്രവർത്തകൻ കൂടിയാണ് സലീമെന്ന് പോലീസ് പറഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ റഫീഖിൻ്റെ നിർദ്ദേശപ്രകാരം എസ്ഐ മാരായ പിസുനീഷ് കുമാർ, ഇ എ അരവിന്ദൻ, എസ് സിപിഒ അശോകൻ, സിപിഒ മാരായ പി അരുൺ, ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.