കൊച്ചി: സ്ഥലംമാറ്റം ലഭിച്ച ലക്ഷദ്വീപ് കലക്ടർ അസ്കർ അലി ദ്വീപിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം കലക്ടറാണെന്ന് സംവിധായിക ഐഷ സുൽത്താന. അരങ്ങൊഴിയൽ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലെന്ന് പറഞ്ഞ ഐഷ, അസ്കർ അലി കലക്ടറായിരുന്ന കാലത്ത് നടത്തിയ ജനവിരുദ്ധ നടപടികൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി.
വിവാദത്തിനിടയാക്കിയ നിരവധി തീരുമാനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച കലക്ടർ അസ്കർ അലിയെ ദാദ്രനഗർഹവേലിയിലാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. ദാദ്രനഗർഹവേലിയിൽ നിന്നും സലോനി റായ്, രാകേഷ് മിൻഹാസ് എന്നീ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ ലക്ഷദ്വീപിലെത്തും. അസ്കർ അലിക്ക് പകരം ഇവരിൽ ആരായിരിക്കും കലക്ടർ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലക്ഷദ്വീപ് ജനതയുടെ ബുദ്ധിമുട്ടുകളിൽ പരിഹാരം കാണാനും നടപടി എടുക്കാനും ജനങ്ങളുടെ ഒപ്പം നിൽക്കാനും പുതിയതായി വരാൻ പോകുന്ന കലക്ടർക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ഐഷ സുൽത്താന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം…
Asker Ali IAS എന്ന ഡിസ്ട്രിക്റ്റ് കലക്ടർ ലക്ഷദ്വീപിൽ നിന്ന് അരങ്ങൊഴിയുകയാണ്…
ലക്ഷദ്വീപ് കണ്ടതിൽ വെച്ച് എറ്റവും മോശം കലക്ടർ എന്ന് ഇദ്ദേഹത്തെ ലക്ഷദ്വീപിൻ്റെ ചരിത്രം രേഖപ്പെടുത്തും. മരണം പോലും ആരെയും വിശുദ്ധരാക്കുന്നില്ലാ, അപ്പോൾ അരങ്ങൊഴിയൽ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലാ…
സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഉണ്ടാക്കിയ ഐ.ഐ.എം.പി. ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികൾക്ക് ഉപയോഗിക്കാൻ ഉറപ്പ് നല്കിയ കോസ്റ്റൽ കോമണുകളിൽ ഇരിക്കുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഷെഡും, വാഹനങ്ങളും, കോറോണ, 144 ൻ്റെ മറവിൽ കൂട്ടി ഇട്ട് കത്തിച്ച കലക്ടർ അസ്കർ അലി.താൻ ഭരിക്കുന്ന പ്രദേശത്താണ് എറ്റവും കൂടുതൽ ക്രൈം നടക്കുന്നത് എന്ന് വാദിച്ച ലോകത്തിലെ ആദ്യ കലക്ടർ അസ്കർ അലി.ഇൻ്റർനാഷണൽ ചാലിൽ നിന്ന് അതും ശ്രീലങ്കയുടെ പക്കൽ നിന്ന് പിടിച്ച മയക്കുമരുന്നും ആയുധങ്ങളും ലക്ഷദ്വീപുകാരുടെ പെടലിക്ക് വെച്ച് കെട്ടി, ദ്വീപ്കാരെ തീവ്രവാദി എന്ന് മുദ്ര കുത്താൻ ശ്രമിച്ച കലക്ടർ അസ്കർ അലി.