ന്യൂഡൽഹി : അവശ്യമരുന്നുകളിലെ 58 ഘടകങ്ങൾക്ക് രാജ്യം ചൈനയെ വൻതോതിൽ ആശ്രയിക്കുന്നതായി കേന്ദ്രം. ഈ ഘടകങ്ങളുടെ 50 മുതൽ 100 ശതമാനംവരെ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 28,529 കോടിയുടെ മരുന്ന് രാജ്യം ഇറക്കുമതി ചെയ്തതായും ഇതിൽ 19,403 കോടിയുടെ മരുന്നും ചൈനയിൽ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി. ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് മൂന്നിന കർമപരിപാടി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഉത്പാദകർക്ക് മരുന്നിനായുള്ള 41 സുപ്രധാന ഘടകങ്ങൾ (കീ സ്റ്റാർട്ടിങ് മെറ്റീരിയൽ-കെ.എസ്.എം.) നിർമിക്കാൻ പ്രോത്സാഹനാനുകൂല്യം നൽകുന്നതാണ് ആദ്യത്തേത്. 2020 മുതൽ 2030 വരെയുള്ള കാലത്ത് 6940 കോടി രൂപയാണിതിന് ചെലവഴിക്കുക. 2020-25 കാലത്ത് മൂന്നു വൻകിട ഔഷധ പാർക്ക് നിർമിക്കാനുള്ള പദ്ധതിക്ക് 3000 കോടി രൂപ നീക്കിവെച്ചു. വടക്കുകിഴക്കൻ – മലയോര സംസ്ഥാനങ്ങളും ജമ്മു-കശ്മീരുമാണ് പരിഗണനയിൽ. മരുന്നുകമ്പനികൾക്ക് ഉൽപാദന പ്രോത്സാഹനം നൽകുന്നതിന് 2029 വരെയുള്ള കാലയളവിൽ 15,000 കോടി രൂപ നൽകുന്നതാണ് മൂന്നാമത്തെ പദ്ധതിയെന്നും മന്ത്രി അറിയിച്ചു.
മൂന്നാമത്തെ വൻകിട മരുന്നുവ്യവസായ രാജ്യമായ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം 1.81 ലക്ഷം കോടിയുടെ മരുന്നും 32,857 കോടിയുടെ ഘടകങ്ങളും കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ കണക്കുകൾപ്രകാരം കോവിഡ് മൂർധന്യത്തിലായ 2020-21 കാലത്ത് മുൻ വർഷത്തെക്കാൾ 4358 കോടി അധികം ഇറക്കുമതിക്കായി ചെലവഴിച്ചു. ചൈനയിൽ നിന്ന് 2960 കോടിയുടെ മരുന്നുകൾ അധികമായി ഇറക്കുമതി ചെയ്യേണ്ടിവന്നു.