വെള്ളറട: സമരസമിതി കൺവീനറെ വീടുകയറി ആക്രമിച്ച സംഭവത്തിൽ വെള്ളറട നെല്ലിശ്ശേരി ഇരമത്ത് വീട്ടില്‍ സുരേന്ദ്രനും അക്രമിസംഘത്തിലെ ഒരാളും അറസ്റ്റിലായി. ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരായി നടന്ന സമരത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് ഉള്ളതിനാലാണ് സമര സമിതി കണ്‍വീനറെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസിന്‍റെ വാദം.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സമീപവാസികളായ നെല്ലിശ്ശേരി സ്വദേശികളായ പ്രദീപ്, പ്രശാന്ത് ആറാട്ടുകുഴി സ്വദേശിയായ നന്നു പ്രവീണ്‍ എന്നിവര്‍ ചേർന്ന് സുരേന്ദ്രനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തില്‍ മുഖത്ത് കാര്യമായ പരിക്കേറ്റ സുരേന്ദ്രനെ ആനപ്പാറ ആശുപതിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജില്‍ നിന്നും വെള്ളിയാഴ്ച പാറശ്ശാല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തി മടങ്ങുമ്പോള്‍ വെള്ളറട സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുരേന്ദ്രനും അക്രമിസംഘത്തിലുള്ളവരും തമ്മില്‍ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന വാക്കേറ്റമാണ് വീടു കയറിയുള്ള അക്രമത്തില്‍ കലാശിച്ചത്. പ്രതികളില്‍ രണ്ടു പേര്‍ ഒളിവിലാണ്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളറട പോലീസ് അറിയിച്ചു.