കൊടുങ്ങല്ലൂർ: ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ ബൈപാസിൽനിന്ന് ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ കൊടുങ്ങല്ലൂർ ബൈപാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ടുപേർ വലയിലായത്.
കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27), പി. വെമ്പല്ലൂർ അസ്മാമാബി കോളജ് പരിസരം കാരെപ്പറമ്പിൽ വീട്ടിൽ ആദർശ് (21) എന്നിവരാണ് പിടിയിലായത്. ചില്ലറ വിൽപനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. ആദർശ് കാക്കനാട് മുറിയെടുത്ത് താമസിച്ച് ആലപ്പുഴ എസ്.എൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. അതുവഴി കോളജിലും താമസ സ്ഥലത്തും മയക്കുമരുന്ന് ചില്ലറ വിൽപനയും ചെയ്തു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഐ.എസ്.എച്ച് ഒ. ബ്രിജ്കുമാർ, എസ്.ഐമാരായ സൂരജ്, ആനന്ദ് കൊടുങ്ങല്ലൂർ, ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ഉല്ലാസ്, ജി.എസ് സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺ നാഥ്, എ.സി. നിഷാന്ത്, ഫൈസൽ, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.