കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിൻറിക്കറ്റിനോട് ശുപാർശ ചെയ്തതായി പരീക്ഷ കൺട്രോളർ അറിയിച്ചു. ഡിഗ്രി രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോർ അക്കാദമിക്ക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങൾ അവർത്തിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 4 നായിരുന്നു പരീക്ഷ നടന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു.
എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നിരിക്കെ നടപടിയും എടുത്തിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായിറങ്ങി. പ്രതിഷേധം കടുത്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പരീക്ഷ കൺട്രോളർ തീരുമാനിച്ചത്. പുന: പരീക്ഷ ഏപ്രിൽ 25 ന് തന്നെ നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.