തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിഷയത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്ന് ധനമന്ത്രി അറിയിച്ചു. വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ടോള്‍ പ്ലാസയില്‍ പോലും 30 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും സര്‍ക്കാരിന് ശമ്പളം നല്‍കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുമാനം സ്വയം കണ്ടെത്തണമെന്ന നിലപാടാണ് മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചത്. ഇതേ നിലപാട് പാര്‍ട്ടിയുടെ തന്നെ നിലപാടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധനമന്ത്രി.
അതേസമയം ശമ്പളം കിട്ടാത്തതില്‍ യൂണിയനുകള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്തിയിലാണ്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം അഞ്ചിന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കില്‍ ആറാംതീയതി പണിമുടക്കുമെണെന്നാണ് ബിഎംഎസ് നേതാക്കള്‍ പറയുന്നത്. ഈ മാസം 28ന് തീരുമാനിച്ചിരുന്ന പണമുടക്ക് മാറ്റിവയ്ക്കുകയാണെന്ന് സിഐടിയു വ്യക്തമാക്കി. 12 മണിക്കൂര്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് ഭരണപ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.
മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്തി മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്തമായാണ് എതിര്‍ക്കുന്നത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരുകയാണ്.