കുറവിലങ്ങാട് ∙ മധുരിക്കുന്ന വിലയുമായി പൈനാപ്പിൾ. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ 2 വർഷമായി വിലയിടിഞ്ഞിരുന്ന പൈനാപ്പിൾ ഇത്തവണ മെച്ചപ്പെട്ട വിലയിലേക്ക്. ജനുവരി അവസാനത്തോടെ സജീവമായ മാർക്കറ്റിൽ, വേനൽച്ചൂട് കനത്തതോടെ വില കിലോഗ്രാമിന് 50 രൂപ വരെയെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചതും വൻതോതിൽ പച്ച പൈനാപ്പിൾ കയറ്റി അയയ്ക്കാൻ സാധിച്ചതും കർഷകർക്ക് ആശ്വാസമായി.
മുവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ജില്ലയിലെ ഏക്കർ കണക്കിനു ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുന്നുണ്ട്. കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കുകളിലാണ് കൃഷി കൂടുതൽ. റബർ വെട്ടിമാറ്റുന്ന തോട്ടങ്ങളാണ് കൂടുതലായും പാട്ടത്തിനെടുക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ച സമയത്തു കൃഷി ആരംഭിച്ച കർഷകർക്കു വൻ നഷ്ടമാണ് സംഭവിച്ചത്. വിപണി പൂർണമായി അടഞ്ഞതോടെ വില 10 രൂപയിൽ താഴെ എത്തി. പലരും കൃഷി ഉപേക്ഷിച്ചു.
സീസണിൽ പ്രതിദിനം 300 ടൺ കൈതച്ചക്കയാണ് ജില്ലയിൽ നിന്നു ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലേക്കു പോകുന്നത്. 2 വർഷമായി ഇതിൽ ഗണ്യമായ കുറവുണ്ടായി. 2013നുശേഷം പൈനാപ്പിളിന്റെ വില മെച്ചപ്പെട്ട രീതിയിൽ ഉയർന്നത് ഇപ്പോഴാണ്. കാലാവസ്ഥ വ്യതിയാനവും പൈനാപ്പിൾ വില ഇടിച്ചിരുന്നു. വേനൽ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വൻ തോതിൽ ചരക്കു കയറ്റി അയയ്ക്കാൻ തുടങ്ങി. കഴിഞ്ഞ സീസണിൽ 16 രൂപ മാത്രം ലഭിച്ച പൈനാപ്പിളിന് ഇത്തവണ 50 രൂപവരെ വില ഉയർന്നു. വിപണിയിൽ 36 രൂപയാണ് വില. എന്നാൽ മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പൈനാപ്പിൾ വിൽക്കുന്നത് കിലോഗ്രാമിന് 55 മുതൽ 65 രൂപ വരെ ഈടാക്കിയാണ്. ഏതായാലും കർഷകന് ഇതു നല്ലകാലം.