മണിമല : മണിമല സ്വദേശിനിയായ പെൺസുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാൻ കത്തിയുമായെത്തി ഗുണ്ടാവിളയാട്ടം. സംഭവത്തിൽ അഞ്ചംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒളിവിൽപോയ ഒന്നാംപ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. പെൺകുട്ടിയെയും അമ്മയെയും പോലീസ് വിളിച്ചുവരുത്തി. എന്നാൽ തന്നെ കളിയാക്കിയെന്ന് പറയാൻ പെൺകുട്ടി വിസമ്മതിച്ചു. തന്റെ സുഹൃത്തുക്കൾ വിനോദയാത്രയ്ക്കാണ് ഈ പ്രദേശത്ത് വന്നതെന്നും മൊഴി നൽകി. കറുകച്ചാൽ അറുപതിൽചിറയിൽ ഷിജിത്ത് മോഹൻ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയിൽ ജിനോ സാബു (20), നെടുങ്ങാടപ്പള്ളി രണ്ടുപറയിൽ ആൽബിൻ തോമസ് (20), സഹോദരൻ അലക്സ് തോമസ് (18) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11-നായിരുന്നു സംഭവം.
പെൺകുട്ടിയെ ആരോ കളിയാക്കിയതിനെത്തുടർന്നാണ് പ്രതികൾ രണ്ട് ബൈക്കുകളിലായി കോത്തലപ്പടി കവലയിലെത്തിയത്. അവിടെ ഇവർ ഭീഷണി മുഴക്കി. ഇതിനിടെ ഇവരിലൊരാൾ കത്തികൊണ്ട് കൈയിൽ വരഞ്ഞ് മുറിവേല്പിച്ചു. തുടർന്ന് കത്തിയുമായി ഇവർ കോത്തലപ്പടി-കുളത്തുങ്കൽ റോഡിലുമെത്തി ഭീഷണി മുഴക്കി. ഈ സമയം കളിയാക്കലിന് ഇരയായെന്ന് പറയുന്ന പെൺകുട്ടി കുളത്തുങ്കൽ റോഡിലെ കടയുടെ സമീപമെത്തി. വന്നവരിൽ ഒരാൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വെള്ളാക്കൽ പാറയിലേക്കുപോയി. മറ്റ് നാലുപേരും പിന്നാലെ പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.
മണിമല സി.ഐ. ഷാജുമോന്റെ നേതൃത്വത്തിൽ പോലീസെത്തി. കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്നും പോലീസ് വന്നു. ചുവട്ടടിപ്പാറ, വെള്ളാക്കൽ പാറ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ നാലു പേരെയും പിടികൂടുകയായിരുന്നു. പിന്നീടാണ് പെൺകുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ആൺസുഹൃത്തുക്കൾ വെള്ളാക്കൽ പാറ കാണാനെത്തിയതാണെന്ന് പെൺകുട്ടി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയോടൊപ്പം വിട്ടു. പിടിയിലായവർ പോലീസ് സ്റ്റേഷനിലും ബഹളം വെയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി. കങ്ങഴയിൽ കഴിഞ്ഞദിവസം വ്യാപാരിയെ ആക്രമിച്ച കേസുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.